കണ്ണൂര്‍: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പഠനം അനിശ്ചിതത്വത്തിലായ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പഠനമാണ് സുപ്രീം കോടതി വിധിയോടെ മുടങ്ങിയത്.
കുട്ടികളെ ബലിയാടാക്കരുതെന്നും കൃത്യമായ രേഖകള്‍ ഹാജരാക്കി ആവശ്യമായ ഫീസടച്ചാണ് എംബിബിഎസ് പ്രവേശനം നേടിയതെന്നും രക്ഷിതാക്കളുടെ അസോസിയേഷന് സെക്രട്ടറി മോഹനന് കോട്ടൂര്‍ പറഞ്ഞു. മാനേജ്മെന്റ് യഥാസമയം ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചില്ലെന്നു പറഞ്ഞ് കുട്ടികളെ ബലിയാടാക്കുന്ന നടപടി ശരിയല്ല. പ്രവേശനം റദ്ദായ 118 കുട്ടികളുടെ രക്ഷിതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മോഹനന് കോട്ടൂര്‍ അറിയിച്ചു. സുപ്രീംകോടതി വിധി വീണ്ടും എതിരായാല്‍ പഠനം തുടരാനാവാതെ തിരിച്ചുപോരുമ്ബോള്‍ സ്ഥാപനത്തില്‍ നല്കിയ ഫീസും മറ്റും തിരിച്ചുകിട്ടുമോ എന്ന് ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

അടച്ച ഫീസ് സാധാരണ തിരിച്ചുകൊടുക്കാറില്ലെന്നും ഒന്നരവര്‍ഷത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചിട്ടുണ്ടെന്നുമുള്ള വാദമായിരിക്കും മാനേജ്മെന്റ് മുന്നോട്ടുവയ്ക്കുക. എന്തായാലും പണത്തിനുവേണ്ടി വീണ്ടും കോടതി കയറേണ്ട അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 2016 സെപ്റ്റംബറിലാണ് ക്ലാസ് തുടങ്ങിയത്. എല്ലാവരും ഒന്നാംവര്‍ഷത്തെ ഫീസായ പത്തു ലക്ഷം രൂപയും സ്പെഷല്‍ ഫീസായ 1.65 ലക്ഷം രൂപയുമാണ് നല്‍കിയത്. ഇതിനുപുറമെ തലവരിപ്പണം എത്രയാണ് കൊടുത്തതെന്ന് പലരും പറയുന്നില്ല. ചിലര്‍ അഞ്ചുവര്‍ഷത്തെ ഫീസ് ഒന്നിച്ച് 50 ലക്ഷം നല്‍കിയതായി പറയുന്നു. പലരില്‍നിന്നും പലരീതിയിലാണ് തലവരിപ്പണം ഈടാക്കിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു












