ന്യൂസിലന്‍ഡില്‍ ഹോസ്റ്റലില്‍ തീപിടിത്തം


ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിലെ ഹോസ്റ്റലില്‍ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. വെല്ലിങ്ടണിലെ ലോഫേഴ്‌സ് ലോഡ്ജ് ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്.


ഇവിടെ 52 പേരെ കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, കെട്ടിടത്തില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നത് സംബന്ധിച്ച്‌ വ്യക്തതയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് എഎം മോണിംഗ് ന്യൂസ് പ്രോഗ്രാമിനോട് പറഞ്ഞു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച്‌ കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നഗരത്തിലെത്തുന്ന ആളുകള്‍ പ്രധാനമായും താമസിക്കുന്ന ഹോസ്റ്റലാണിത്.

ലോഫേഴ്സ് ലോഡ്ജിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ 92 മുറികളാണ് ഉള്ളത്. ഇതില്‍ എത്ര പേര്‍ താമസിച്ചിരുന്നെന്ന കാര്യം വ്യക്തമല്ല. ഇതിനെ സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



Sharing is Caring