രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ രൂക്ഷമാകുന്നു. വലിയ തുക മാറാന്‍ കഴിയാത്തതും 100 രൂപയ്ക്ക് ക്ഷാമം നേരിട്ടതും രാജ്യത്തുടനീളം പല രീതിയില്‍ ബാധിക്കുകയാണ്. മുംബൈയില്‍ വലിയ നോട്ട് മാറാന്‍ കഴിയാതെ നവജാത ശിശു ചികിത്സ നിഷേധിക്കപ്പെട്ട മരണമടഞ്ഞപ്പോള്‍ മദ്ധ്യപ്രദേശില്‍ പണം കയ്യിലില്ലാതെ വലഞ്ഞ നാട്ടുകാര്‍ റേഷന്‍ കട കൊള്ളയടിച്ച് അരിയുമായി പോയി. പല എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും ജനങ്ങള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാകുന്നു.
ബില്ലടയ്ക്കാന്‍ ആശുപത്രി ജീവനക്കാര്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്ന് മുംബൈയിലെ ഗോവണ്ടിയില്‍ ജീവന്‍ജ്യോതി എന്ന സ്വകാര്യ ആശുപത്രിയില്‍ മരപ്പണിക്കാരനായ ജഗദീഷ് ശര്‍മ്മയുടെയും കിരണ്‍ ശര്‍മ്മയുടേയും കുട്ടിയാണ് മരിച്ചത്.കുഞ്ഞിനെ ചികിത്സിക്കാനും അതിനിടയില്‍ താന്‍ പണവുമായി വരാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ കൂട്ടാക്കിയില്ലെന്നാണ് പരാതി. സംഭവത്തില്‍ പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി എഴുതി തന്നാല്‍ തങ്ങള്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിന് നല്‍കാം എന്നായിരുന്നു പോലീസിന്റെ മറുപടി. അടിയന്തിര ഘട്ടങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പോലും പാലിക്കപ്പെട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു.
വലിയ നോട്ടുകള്‍ മാറാന്‍ കഴിയാതെയും ചെറിയ നോട്ടുകള്‍ കൈവശമില്ലാതെയും വലഞ്ഞ മദ്ധ്യപ്രദേശ് ഛത്തര്‍പൂരില്‍ ഗ്രാമീണര്‍ റേഷന്‍കട കൊള്ളയടിച്ചു. എടിഎമ്മുകളില്‍ നിന്നും പണം കിട്ടുന്നില്ലെന്നും ആഹാരസാധനങ്ങള്‍ വാങ്ങാന്‍ പോലും മാര്‍ഗ്ഗമില്ലെന്നും പറഞ്ഞാണ് നാട്ടുകാര്‍ റേഷന്‍കട കൊള്ളയടിച്ചത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹി ചാന്ദനി ചൗക്കില്‍ എടിഎമ്മിന് മുന്നില്‍ പണം പിന്‍വലിക്കാന്‍ എത്തിയവര്‍ ഉന്തും തള്ളുമുണ്ടാക്കിയതായും വാര്‍ത്തയുണ്ട്. നോട്ട് പ്രതിസന്ധി പെരുന്പാവൂരിലെഅന്യസംസ്ഥാന തൊഴിലാളികളെയും ബാധിച്ചു. കയ്യിലുള്ള പണം കൈമാറാന്‍ കഴിയാതെയും ചെറിയ നോട്ടുകള്‍ കിട്ടാത്തതിനാല്‍ കരാര്‍ ജീവനക്കാര്‍ പണി നല്‍കാത്ത സാഹചര്യവും നില നില്ക്കുന്നതിനാല് ആഹാരം കഴിക്കാന്‍ പോലും ഇവര്‍ക്ക മാര്‍ഗ്ഗമില്ലാതായിരിക്കുകയാണ്.
ബീവറേജ് കോര്‍പ്പറേഷനും തിരിച്ചടി. ശരാശരി വില്‍പ്പനയില്‍ 38 ശതമാനം കുറവ്. വില്‍പ്പന 18 കോടിയായി കുറച്ചു. നവംബര്‍ 8 ന് 29 കോടി രൂപയുടെ മദ്യമാണ് വിറ്റു പോയതെങ്കില്‍ നവംബര്‍ 9 ന് ഇത് 18 കോടിയായി കുത്തനെ കുറയുകയായിരുന്നു. അതിനിടെ 500, 1000 നോട്ടുകള്‍ നിരോധിക്കുന്ന കാര്യം ബിജെപി സര്‍ക്കാര്‍ അടുപ്പക്കാര്‍ക്ക് നേരത്തേ വിവരം നല്‍കിയതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പ്രധാന തീരുമാനം പ്രഖ്യാപിച്ച എട്ടാം തീയതി എട്ടുമണിക്ക് മുന്‍പ് കോടിക്കണക്കിന് നിക്ഷേപം എത്തിയതിന് കാരണം ഇതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് പറഞ്ഞു.












