നോക്കുകൂലി വിവാദം: നടനോട് മാപ്പ് പറഞ്ഞ് തൊഴിലാളി യൂണിയന്‍


തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയോട് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച്‌ തൊഴിലാളി യൂണിയന്‍. കൂടാതെ തുക തിരികെ നല്‍കി ചുമട്ടു തൊഴിലാളി യൂണിയന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ തിരിച്ചു നല്‍കിയതായും സുധീര്‍ കരമന അറിയിച്ചു.


തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യുണിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടന്‍ പരാതി നല്‍കിയിരുന്നത്.


സംഭവത്തെ തുടര്‍ന്ന് സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെന്റ് ചെയ്തിരുന്നു. അതേസമയം സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് സുധീര്‍ കരമന പറഞ്ഞു. സുധീര്‍ കരമനയുടെ പരാതി സ്വീകരിച്ച പോലീസ് തൊഴിലാളികളോട് പണം തിരിച്ച്‌ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.



Sharing is Caring