തിരുവനന്തപുരം: അമ്ബൂരിയില്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി രാഖിയുടെ(21) മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുക.
രാഖിയുടെ കാമുകനും സൈനികനുമായ അമ്ബൂരി തട്ടാന്മുക്കില് അഖില്‍ എസ്. നായരുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തോടു ചേര്‍ന്നുള്ള ഭൂമിയിലാണ് കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. രാഖിയുമായി ബന്ധമുണ്ടായിരുന്ന അഖില്‍ വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു. അതിനിടെ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇക്കാര്യം അറിഞ്ഞ രാഖിയും അഖിലുമായി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഖില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസമാണ് പൊലിസ് മൃതദേഹം പുറത്തെടുത്തത്. പ്രതികളില്‍ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയില്‍ നിന്നാണ് മൃതദേഹം കുഴിച്ചിട്ടതായി വിവരം ലഭിച്ചത്. അഖിലും കൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മറ്റൊരു സുഹൃത്തും ഇപ്പോള്‍ ഒളിവിലാണ്. സൈനികനായ അഖിലിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












