തിരുവനന്തപുരം : നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്കുമാര് ക്രൂരമര്‍ദനത്തിനിരയായി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കസ്റ്റഡി മരണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.പൊലീസിന്റെ കസ്റ്റഡിയിലുണ്ടായ മരണം അതേ വകുപ്പില്‍പ്പെട്ടവര്‍ തന്നെ അന്വേഷിക്കുന്നത് സത്യം പുറത്തുവരുന്നതിന് തടസ്സമാകുമെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.
ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്കുമാറിനെ ജൂണ്‍ 12 നാണ് പൊലീസ് കസ്റ്റഡിയില്‍ വച്ചത് . നാലുദിവസത്തോളം അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ച് രാജ്കുമാറിനെ ക്രൂര മര്‍ദനത്തിന് വിധേയനാക്കിയിരുന്നു.തുടര്‍ന്ന് പീരുമേട് ജയിലില്‍ അടച്ചെങ്കിലും, മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ ബാധയില്‍ രാജ്കുമാര് മരിക്കുകയായിരുന്നു. രാജ്കുമാറിന്റെ ശരീരത്തില്‍ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് 22 ഓളം മുറിവുകളും ചതവുകളും ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐയായിരുന്ന സാബു, സിപിഒ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഎസ്ഐയും ഒരു പൊലീസുകാരനും ഒളിവിലാണ്.














