നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടി കൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതിപക്ഷ എംഎല്‍എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടികൊണ്ട് അടിച്ചുവെന്ന ആരോപണം ഉയര്‍ത്തിയത്.
ബാനര്‍ പിടിച്ച ഒരാള്‍ വടികൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ തല്ലുകയായിരുന്നുവെന്നും ഇത് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് തോന്നുന്നുവെന്നുമാണ് പിണറായി വിജയന് പറഞ്ഞത്. തങ്ങളെല്ലാം ഇത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ബോധപൂര്‍വ്വം കുഴപ്പം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയതെന്നും പിണറായി വിജയന് ആരോപിച്ചു.

നിയമസഭയില്‍ കാണിക്കാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍ക്ക് സഭ അപലപിക്കണമെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറാന്‍ ശ്രമം നടത്തിയിരുന്നു. സ്പീക്കറുടെ മുഖം മറച്ച് പിടിച്ച ബാനര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് സഭ രണ്ടു തവണ നിര്‍ത്തിവെച്ചു. രണ്ടു തവണ സ്പീക്കര്‍ക്കു കസേര വിട്ടു പോകേണ്ടിവന്നു. പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റിയെങ്കിലും സംഘര്‍ഷം തുടരുകയും സഭ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഒപ്പം സഭ ടിവിയും നിര്‍ത്തിവയ്ക്കുകയും ചെയ്തു.













