നിതിന്‍ രാജിന്റ മരണവുമായി ബന്ധപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍. രാവിലെ ക്യാംപസിനു മുന്നില്‍ കോട്ട് ഊരി പ്രതിഷേധിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മാനേജ്മെന്റിന് കത്തും നല്കി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളെ മാനസികമായി ഉപദ്രവിക്കുന്ന മറ്റ് രണ്ട് അധ്യാപകര്‍ക്കെതിരെയും നടപടിയെടുക്കണം.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണം. സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണം. മാനേജ്മെന്റുമായി വിദ്യാര്‍ഥികള്‍ക്കു നേരിട്ടു ബന്ധപ്പെടാനുള്ള സാഹചര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രിന്‍സിപ്പലിന് പരാതി നല്കി. അക്കാദമിക് കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി റജിസ്ട്രാര്‍ക്കും കത്ത് നല്കി.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ ഭൂരിഭാഗവും ഇന്ന് ക്യാംപസില്‍ എത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മാനേജ്മെന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തു.മറ്റു ഡിപ്പാര്‍ട്മെന്റിലെ വിദ്യാര്‍ഥികളും ഇന്ന് നടത്തിയ സമരത്തില്‍ പങ്കെടുത്തു. പികെഎസ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളും ഇന്ന് ക്യാംപസില്‍ പ്രതിഷേധം നടത്തി. നിതിന്റെ മരണത്തില്‍ ഉത്തരവാദിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.













