നാളെ മുതല്‍ സ്വകാര്യബസ് സമരം


സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നിരക്ക് എട്ട് രൂപയാക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് അപര്യാപ്തമാണെന്നാണ് ബസുടകളുടെ വാദം.


വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക,വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് രണ്ട് രൂപയാക്കുക, സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ കണ്ടതായി പോലും നടിച്ചിട്ടില്ലെന്ന് ബസ് ഉടമകള്‍ ആരോപിക്കുന്നു. തിങ്കളാഴ്ച്ചയ്ക്കകം തീരുമാനമായില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരനടപടികള്‍ കൂടി ആരംഭിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.ഓര്‍ഡിനറി ബസിന്റെ മിനിമം ചാര്‍ജ് എട്ടു രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് 11 രൂപയായും ഉയര്‍ത്താനുള്ള ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.


ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയത്. ഇന്ധന- വാഹനഘടകങ്ങളുടെ (സ്പെയര്‍ പാര്‍ട്സ്) വിലകളിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ധന നടത്തിപ്പ് ചെലവുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തേ 16,000 സ്വകാര്യബസുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 13,000 മാത്രമാണുള്ളത്.

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗതമന്ത്രി

ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്നം ബസുടമകള്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Sharing is Caring