നായയുടെ കടിയേറ്റു സ്ത്രീ മരിച്ച സംഭവം: ഉടമ അറസ്റ്റില്‍


വളര്‍ത്തു നായ്ക്കളുടെ കടിയേറ്റു അയല്‍ക്കാരിയായ സ്ത്രീ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ നായ്ക്കളുടെ ഉടമയെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി ചാരിറ്റി സ്വദേശി കാരക്കല്‍ മാണിയുടെ മകന്‍ കെ.എം ജോസ് ആണ് ഇന്നലെ അറസ്റ്റിലായത്. നരഹത്യക്കാണ് ജോസിന്റെ പേരില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്. അശ്രദ്ധമായിഅപകടകരമായ രീതിയില്‍ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയതിനും ജോസിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ട്.


തിങ്കളാഴ്ച രാവിലെയാണ് ജോസിന്റെ റോട്ടുവിലാര്‍ വര്‍ഗത്തില്‍പ്പെട്ട രണ്ടു നായ്ക്കള്‍ കടിച്ചു കീറി ചാരിറ്റി അംബേദ്കര്‍ കോളനിയില്‍ താമസക്കാരിയായ രാജമ്മ (58 ) ദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോകുകയായിരുന്നു രാജമ്മ. ദേഹമാസകലം കടിച്ചു കീറിയ നിലയില്‍ വൈത്തിരി ഗവ.താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.


ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ വെച്ച്‌ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം നിരവധി പേരുടെ സാനിധ്യത്തില്‍ വൈത്തിരി പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു.സംഭവത്തിന് ശേഷം ജോസ് ഒളിവിലായിരുന്നു. സ്റ്റേഷനില്‍ നേരിട്ട് ഹാജരായ ജോസിനെ സിഐ അബ്ദുല്‍ ഷെരീഫ് അറസ്റ്റ് രേഖപ്പെടുത്തി. കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് വൈത്തിരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.



Sharing is Caring