നടിയെ ആക്രമിച്ച കേസ്:നീട്ടിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും


കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച സ്റ്റേ പെറ്റീഷന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും. കഴിഞ്ഞ ദിവസമാണ് ദിലീപ് ഹര്‍ജിയും സ്റ്റേ പെറ്റീഷനും സമര്‍പ്പിച്ചത്.


മാര്‍ച്ച്‌ 14 ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് സ്റ്റേ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി ബുധനാഴ്ച ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.


കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭ്യമായിട്ടില്ലെന്നും അത് ലഭിക്കുന്നതുവരെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപിന്റെ ആവശ്യം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ച്‌ ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.

ഓടുന്ന വണ്ടിയില്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്.



Sharing is Caring