നടിയെ അപമാനിച്ച കേസ്: ലാല്‍ ജൂനിയര്‍ അടക്കം നാല് പേര്‍ക്ക് ജാമ്യം


ഹണിബീ ടു സിനിമയില്‍ ബോഡി ഡബ്ലിംഗ് നടത്തിയെന്ന പുതുമുഖനടിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെ കേസില്‍ വിധി പറയാനിരുന്നതാണെങ്കിലും കേസ് ഡയറി ലഭ്യമാകാന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.


സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ (29), നടന്‍ ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍ (29), അനിരുദ്ധന്‍ (25) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. ലൈംഗികച്ചുവയോടെ സംസാരിച്ചതിനും അസഭ്യം പറഞ്ഞതിനും സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് പരാതിക്കാരിയായ നടി അടുത്തിടെ കോടതിയെ അറിയിച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് നടി തന്റെ നിലപാട് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേസ് പരസ്പരം സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയെന്നാണ് നടി വ്യക്തമാക്കിയത്.


അതേസമയം കോടതി വിലക്കുന്നത് വരെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് പൊലീസ് കോടതിയെ അറിയിച്ചത്.പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിരുന്നു. സാക്ഷികള്‍ സിനിമാ രംഗത്ത് നിന്ന് ഉള്ളവരായതിനാല്‍ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരുന്നത്. കേസില്‍ നടിയുടെ മൊഴിയെടുത്തെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുളളവരെ ചോദ്യം ചെയ്തിരുന്നില്ല.

നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍ ലാല്‍. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് നടി നല്‍കിയ പരാതിയിലാണ് കേസ്. നടിയുടെ പരാതിയില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയിലെ സീന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയത്.



Sharing is Caring