നടിയുടെ പേര് പരസ്യപ്പെടുത്തിയ സംഭവം: അജു വര്‍ഗീസിനെതിരായ കേസ് റദ്ദാക്കി


കൊച്ചി: ഫെയ്‌സ്ബുക്കിലൂടെ അക്രമത്തിനിരയായ നടിയുടെ പേര് പരസ്യപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.


നടന്‍ അജു വര്‍ഗീസ് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു പോസ്റ്റ് ചെയ്ത കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും, അജുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി നല്‍കിയ സത്യവാങ്മൂലം അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ന്യായീകരിച്ചു കൊണ്ട് അജു വര്‍ഗ്ഗീസ് ഇട്ട പോസ്റ്റാണ് കേസിലേക്ക് നയിച്ചത്. ഇരയായ നടിക്കൊപ്പവും ദിലീപിനൊപ്പവും താന്‍ ഉണ്ടെന്ന് വിശദീകരിക്കുന്ന പോസ്റ്റില്‍ നടിയുടെ പേരും അജു വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ കളമശ്ശേരി പോലീസ് അജുവിനെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് ക്ഷമ ചോദിച്ചിരുന്നു.



Sharing is Caring