ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനൊരുങ്ങി സിബിഐ. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കൂടുതല്‍ പരിശോധനക്കു ശേഷമാകുമെന്നും സിബിഐ വ്യക്തമാക്കി.
ജെ എന്‍ യു ഹോസ്റ്റല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ നജീബിനെ 2016 ഒക്ടോബര്‍ 15 മുതലാണ് കാണാതായത്. 2017 ആഗസ്റ്റില്‍ താന്‍ ഐഎസില്‍ ചേര്‍ന്നുവെന്ന് കാട്ടി നജീബ് അമ്മക്ക് ടെലഗ്രാം വഴി സന്ദേശം അയച്ചു എന്നത് ഉള്‍പ്പെടെ നിരവധി വിവാദങ്ങളാണ് നജീബിന്റെ തിരോധാനത്തെ തുടര്‍ന്ന് ഉയര്‍ന്നത്.

എന്നാല്‍ സിബിഐ അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിവ് ലഭിച്ചിട്ടില്ല. മുമ്പ് കുറ്റവാളികളെന്ന് നജീബിന്റെ കുടുംബം ആരോപിച്ചവരെ കേന്ദ്രീകരിച്ച സിബിഐ അന്വേഷണം നടത്തിയിരുന്നു. പക്ഷെ ഇവരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന തെളിവുകള്‍ ഒന്നും സിബിഐ ക്ക് കണ്ടെത്താനായില്ല. ഇതോടെയാണ് കേസ് അവസാനിപ്പിക്കാന്‍ സിബിഐ ഒരുങ്ങുന്നത്.
മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി നജീബിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. തിരോധാനവുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷികളായ 18 പേരുടെ മൊഴികള്‍ നല്‍കാന്‍ ഒരുക്കമായിട്ടും ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. പൊലീസിന്റെ ഇത്തരത്തിലുള്ള അനാസ്ഥയായിരുന്നു കേസ് സിബിഐയ്ക്കു കൈമാറാന്‍ കാരണം.













