ധവാന്‍ ഇനി ഡെല്‍ഹിയില്‍ ; പകരം ഹൈദരാബാദിലെത്തുക 3 ഡെല്‍ഹി താരങ്ങള്‍


ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖാര്‍ ധവാന്‍ അടുത്ത സീസണ്‍ ഐപിഎല്‍ മുതല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സില്‍ കളിക്കും. താരത്തെ കൈമാറ്റം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇപ്പോളത്തെ ടീമായ സണ്‍ റൈസേഴ്സ് ഹൈദരാബാദുമായി ഡെല്‍ഹി ധാരണയിലെത്തിയതോടെയാണ് ഇത്. ധവാനെ വിട്ട് നല്‍കുമ്ബോള്‍ പകരമായി വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, ഷഹബാസ് നദീം എന്നീ താരങ്ങളെ ഡെല്‍ഹി, ഹൈദരാബാദിന് നല്‍കും.


സണ്‍ റൈസേഴ്സ് ഹൈദരാബാദ് മാനേജ്മെന്റുമായി അത്ര മികച്ച ബന്ധത്തിലല്ല ധവാനെന്നും താരം ടീം മാറാന്‍ താല്പര്യപ്പെടുന്നുണ്ടെന്നും നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സും, കിംഗ്സ് ഇലവന്‍പഞ്ചാബും ധവാനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് വന്നെങ്കിലും അവസാന നിമിഷം ഈ കരാറുകള്‍ നടക്കാതെ പോവുകയായിരുന്നു.
കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള ഐപിഎല്‍ ലേലത്തില്‍ റൈറ്റ് ടു മാച്ച്‌ കാര്‍ഡുപയോഗിച്ച്‌ ധവാനെ ടീമിലെത്തിക്കാന്‍ 5.2 കോടി രൂപയാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് മുടക്കിയത്. നിലവില്‍ ഡെല്‍ഹി സണ്‍ റൈസേഴ്സിന് വിട്ട് നല്‍കുന്ന മൂന്ന് താരങ്ങളുടെ മൊത്തം വില 6.95 കോടി രൂപയാണ്. അത് കൊണ്ട് തന്നെ ധവാന്റെ വിലയ്ക്ക് ശേഷം ബാക്കി വരുന്ന 1.75 കോടി ഹൈദരാബാദ് പണമായി ഡെല്‍ഹിക്ക് നല്‍കേണ്ടി വരും. സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍ കൂടിയാണ് ധവാന്‍.


അതേ സമയം തന്റെ മുന്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കുള്ള തിരിച്ചുവരവാണ് ധവാനിത്. 2008 ലെ ആദ്യ ഐപിഎല്‍ സീസണില്‍ ധവാന്‍ ഡെല്‍ഹിയുടെ താരമായിരുന്നു. അന്ന് ഡെല്‍ഹി സെമിഫൈനലില്‍ എത്തിയതിന് പിന്നില്‍ ധവാന്റെ മികച്ച പ്രകടനങ്ങളുമുണ്ടായിരുന്നു.



Sharing is Caring