ജോധ്പുര്‍: ജോധ്പൂരില്‍ നാലുവയസ്സുകാരിയെ ദൈവപ്രീതിക്കായി ബലിയര്‍പ്പിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ രാജസ്ഥാന് പൊലീസ് അറസ്റ്റുചെയ്തു. ജോധ്പൂരിലെ പിപര്‍ സിറ്റി സ്വദേശി നവാബ് അലി ഖുറേഷി(26)യാണ് പിടിയിലായത്.
വ്യാഴാഴ്ചരാത്രി മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പിറ്റേദിവസം രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുറത്തുനിന്നാരും വീട്ടില്കയറിയിട്ടില്ലെന്ന് ബോധ്യപ്പെട്ട അന്വേഷണസംഘം ഖുറേഷിയെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തനിക്ക് ഏറ്റവും ‘വിലപ്പെട്ട സ്വത്ത്’ ദൈവത്തിന് നല്‍കുകയായിരുന്നെന്നാണ് ഖുറേഷി ചോദ്യം ചെയ്യലിനിടെ പറഞ്ഞത്.

”പിശാച് തന്റെ ശരീരത്തില്‍ കയറിയെന്നു കരുതുന്നു. കുറെ ദിവസങ്ങളിലായി കുട്ടി തന്റെ മുത്തശ്ശിക്കൊപ്പമായിരുന്നു. വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്. അന്നു മകളെ ചന്തയിലേക്ക് കൂട്ടിക്കൊണ്ടുപോയശേഷം അവള്‍ക്ക് മധുരപലഹാരങ്ങളും മിഠായിയും വാങ്ങി നല്കി. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം കുട്ടിയെ താഴത്തെ നിലയിലെത്തിച്ച് കഴുത്തറത്തു കൊല്ലുകയായിരുന്നു” – ഖുറേഷി പൊലീസിനോട് പറഞ്ഞു.












