കൊച്ചി: മൂന്നായി മുറിച്ചു മാറ്റിയ ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരളത്തിന്റെ സീനിയര്‍ ടീം പൂനെയിലേക്ക് യാത്ര തിരിച്ചു. നാല് മുതല്‍ ഏഴ് വരെ പൂനെ ഛത്രപതി ശിവജി ബാലേവാഡി സ്റ്റേഡിയത്തിലാണ് 62-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സീനിയര്‍ വിഭാഗം മത്സരങ്ങള്‍ നടക്കുന്നത്.
മൂന്നായി വിഭജിക്കപ്പെട്ടതോടെ ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്റെ കീഴില്‍ നടന്നു വന്നിരുന്ന കൗമാര കായിക മാമാങ്കത്തിന്റെ നിറപകിട്ടും നഷ്ടമായി. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ദേശീയ മീറ്റ് വേര്‍തിരിച്ചു നടത്താന്‍ ദേശീയ സ്കൂള്‍ ഫെഡറേഷന് ശ്രമിച്ചെങ്കിലും പ്രതിഷേധം വ്യാപകമായതോടെ നീക്കത്തില്‍ നിന്ന് പിന്മാറി. ഇത്തവണ ലിംഗവിവേചനം ഒഴിവാക്കി മൂന്ന് വിഭാഗമായി തിരിച്ച് മീറ്റ് നടത്താന്‍ സ്കൂള്‍ ഫെഡറേഷന് തീരുമാനിക്കുയായിരുന്നു.

കായിക താരങ്ങളും ഒഫീഷ്യല്‍സും ഉള്‍പ്പടെ 90 അംഗ സംഘമാണ് ഇന്നലെ യാത്ര തിരിച്ചത്. 79 അത്ലറ്റുകള്, 11 ഒഫീഷ്യല്‍സ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 8.45ന് ജയന്തി ജനത എക്സ്പ്രസിലാണ് ടീം യാത്രയായത്. നാളെ പുലര്‍ച്ചെ പൂനെയിലെത്തും. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും താരങ്ങളുടെ യാത്രയെ ചൊല്ലി ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, യാത്ര തുടങ്ങുന്നതിന് മുമ്പു തന്നെ ആശങ്കയൊഴിഞ്ഞു. റെയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചു. സംസ്ഥാന ചാമ്പ്യന്‍ സ്കൂളായ കോതമംഗലം മാര്‍ ബേസിലിലെ താരങ്ങള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റഷനില്‍ നിന്ന് ടീമിനൊപ്പം ചേര്‍ന്നു. പറളി, കല്ലടി, മുണ്ടൂര്‍ ഉള്‍പ്പടെ സ്കൂളുകളിലെ താരങ്ങള്‍ പാലക്കാട് നിന്ന് കയറി.













