ദിലീപിന് സന്ദര്‍ശക നിയന്ത്രണം; മനുഷ്യാവകാശ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി


നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തൃശ്ശൂരില്‍ നടന്ന സിറ്റിങ്ങിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ പരാതി നല്‍കിയത്. ദിലീപിനെതിരെ അന്വേഷണം നീണ്ടു പോവുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്പിയോട് കമ്മീഷന്‍ വിശദീകരണം തേടും.
സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പുതിയ നിര്‍ദ്ദേശ പ്രകാരം കുടുംബാംഗങ്ങള്‍ക്കും അടുത്ത പ്രധാന വ്യക്തികള്‍ക്കും മാത്രമാണ് അനുമതിയുള്ളത്. ഇതിനെതിരെയാണ് കമ്മീഷന് പരാതി ലഭിച്ചത്.
ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓണത്തോടടുത്ത ദിവസങ്ങളിലായിരുന്നു ദിലീപിന് സന്ദര്‍ശകര്‍ കൂടിയത്. ജയറാം, ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, ഷാജോണ്‍, രഞ്ജിത്, നാദിര്‍ഷ, ആന്റണി പെരുമ്ബാവൂര്‍, അരുണ്‍ ഘോഷ്, ബെന്നി പി നായരമ്ബലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെയായിരുന്നു നിയന്ത്രണം.




Sharing is Caring