തൊഴിലില്ലായ്‌മയും ജി.എസ്.ടിയും ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: തൊഴിലില്ലായ്‌മയും തത്വദീക്ഷയില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയതുമാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. ഇതേതുടര്‍ന്ന് ഉടലെടുത്ത തൊഴിലില്ലായ്‌മയില്‍ നിന്നുള്ള രോഷമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും കാരണമായതെന്നും രാഹുല്‍ പറഞ്ഞു. ജര്‍മനയിലെ ഹാംബെര്‍ഗില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.


വികസനപ്രക്രിയയില്‍നിന്ന് ഒരു വിഭാഗം ഒഴിവാക്കപ്പെട്ടതാണ് ഐസിസ് പോലുള്ള ഭീകരസംഘടനകളുടെ ഉദയത്തിന് ഇടയാക്കിയത്. വികസനത്തില്‍ നിന്ന് ഒരു വിഭാഗം ഒഴിവാക്കപ്പെട്ടാല്‍ ഇവിടെയും സമാന സാഹചര്യം ഉണ്ടാകാമെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കുന്നത് വലിയ അപകടമാണ്. ആളുകള്‍ക്കു മുന്നില്‍ കൃത്യമായ കാഴ്ചപ്പാടും വീക്ഷണങ്ങളും അവതരിപ്പിക്കാന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും അവര്‍ക്ക് ആ കാഴ്ചപ്പാടുകള്‍ പകര്‍ന്നു നല്‍കുന്ന സാഹചര്യം ഉണ്ടാകും – രാഹുല്‍ പറഞ്ഞു.


സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ചില സംരക്ഷണങ്ങള്‍ പ്രതീക്ഷക്കുന്നുണ്ട്. അത് നല്‍കാന്‍ ഭരണകൂടത്തിന് കഴിയണം. എന്നാല്‍, അത്തരം സംരക്ഷണങ്ങള്‍ എടുത്തു മാറ്റുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കും. വന്‍കിടക്കാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കണം. എന്നാല്‍ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. ചില വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്ന സംരക്ഷണവലയം സര്‍ക്കാര്‍ എടുത്തുമാറ്റി. ജി.എസ്.ടിയും നോട്ടുനിരോധനവും ചെറുകിട വ്യവസായ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. ഓരോ ദിവസവും പ്രതിസന്ധിയുടെ ഇത്തരം വാര്‍ത്തകളാണ് പുറത്തുവരുന്നത്. അത് ജനങ്ങളില്‍ ആത്മരോഷം വളര്‍ത്തും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണവും ഇതാണ്. കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കുകയും അത് അംഗീകരിച്ച്‌ മതിയായ പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും രാഹുല്‍ പറഞ്ഞു.



Sharing is Caring