തൃശൂര്‍: തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു. ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.
തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.
ഇതേസമയം, തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ ദിവസങ്ങളായി തുടര്‍ന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷന് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനക്കള പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോസ്ഥര്‍ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്. എല്ലാ ആന ഉടമകളും തീരുമാനത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു.













