തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ


തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത് നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ. വാഹനത്തിന്റെ ആർ സി ഓണറുടെ പേര് സുധീര്‍കുമാര്‍ എന്നാണ്. മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ് സുധീര്‍ കുമാര്‍. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.


സംഭവത്തിൽ പ്രതികരണവുമായി മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജ് രംഗത്തെത്തിയിരുന്നു. മണിയന്‍പിളള രാജു ഇന്നലെ ദിവസം ട്രിവാന്‍ഡ്രം ക്ലബിലേക്ക് ഡ്രൈവര്‍ക്കൊപ്പം പോയിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ക്ലബിന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അച്ഛന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും നിരഞ്ജ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും നിരഞ്ജന്‍ വ്യക്തമാക്കി.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.


മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്ഐആറും രജിസ്റ്റർ ചെയ്തു. ‘വാഹനത്തിന്റെ ഡ്രൈവർ’ എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് അജ്ഞാത വ്യക്തിയെന്ന നിലയ്ക്ക് കേസെടുത്തിരിക്കുന്നത്.മണിയന്‍പിളള രാജുവിനും കാറിനുമായുളള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. രാത്രി രണ്ടുതവണ പൊലീസ് മണിയന്‍പിളള രാജുവിന്റെ വീട്ടിലെത്തി. എന്നാല്‍ നടനെ ഫോണില്‍ ബന്ധപ്പെടാനാകുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

അപകടമുണ്ടാക്കിയ ശേഷം കാറുമായി ഒളിവില്‍പോയിരിക്കാമെന്നാണ് നിഗമനം. അതേസമയം മണിയന്‍പിള്ള രാജു ഇന്ന് സ്റ്റേഷനില്‍ ഹാജരായേക്കുമെന്ന് വിവരമുണ്ട്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് ഹാജരാവുക.അപകടമുണ്ടാക്കിയ കാറുമായി എത്തുമെന്നാണ് വിവരം. പൊലീസിനെ ഇക്കാര്യം അറിയിച്ചു. മണിയന്‍ പിള്ളയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചത് മണിയന്‍ പിള്ള തന്നെയാണെന്നാണ് വിവരം.



Sharing is Caring