തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിര്‍ത്ത് എസ്ഐടി കോടതിയിൽ. ജാമ്യാപേക്ഷയ്ക്കെതിരെ എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുജ്ഞയോടെയാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു. തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല.
സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ചികിത്സ നിലവില്‍ തന്ത്രിക്ക് നല്‍കുന്നുണ്ടെന്നും എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എസ്ഐടിയുടെ പരാമര്‍ശം.തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം വിജിലന്‍സ് കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്.

തന്ത്രിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്കിയാല് കേസില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പല നീക്കുപോക്കുകള്‍ക്കുമായി തന്ത്രി ഒപ്പിട്ട രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ തന്ത്രിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. കേസില്‍ തന്ത്രിക്ക് സ്വാഭാവിക ജാമ്യം ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്.













