പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ കത്തിപ്പടരുന്നതിനിടെ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കട്ടേയെന്ന് പ്രതികരിച്ച് എഡിജിപി എം ആർ അജിത് കുമാർ. നിജസ്ഥിതി മനസിലാക്കി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ മാറി നിൽക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അജിത് കുമാർ മറുപടി നൽകിയില്ല.
‘എനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളുടെയും നിജസ്ഥിതി മനസിലാക്കി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിട്ടുണ്ട്’, എന്ന് മാത്രമായിരുന്നു എഡിജിപിയുടെ മറുപടി.എന്നാൽ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. പകരം എച്ച് വെങ്കിടേഷിനെ നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിപിഐഎം എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

വിഷയം ഡിജിപി അന്വേഷിക്കും. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്ന് കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ചില പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പ്രശ്നങ്ങളെ അതിൻ്റെ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.













