ഡല്‍ഹിയില്‍ മോഷ്ടാവെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം അടിച്ചു കൊന്നു. പതിനൊന്നു പേര്‍ ആത്മഹത്യ ചെയ്ത ബുറാറിയിലാണ് സംഭവം.
ബുധനാഴ്ച രാത്രയില്‍ രണ്ടു പേര്‍ ഇവിടെ ഒരു വീട്ടില്‍ മോഷ്ടിക്കാനായി കയറിയതായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ മോഷണശ്രമം പരാജയപ്പെട്ടു. വീട്ടുടമ ഇവരെ കയ്യോടെ പിടികൂടി. ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉടമ അലാറം മുഴക്കി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളിലൊരാള്‍ കോണിപ്പടിയില്‍ നിന്ന് താഴെ വീണു. അലാറം കേട്ട് ഓടിക്കൂടിയ ആളുകള്‍ ഇയാളെ തല്ലിച്ചതക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബഹളത്തിനിടെ കൂട്ടാളിയായ മോഷ്ടാവ് രക്ഷപ്പെടുകയും ചെയ്തു. ബീര്‍ബല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.













