ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്.സ്വന്തം കരുത്തില്‍ ആം ആദ്മി പാർട്ടി പോരാടുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതയില്ലെന്നും കെജ്രിവാള് പറഞ്ഞു. 2025ന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇൻഡ്യ സഖ്യത്തിലെ പാർട്ടികളായ കോണ്‍ഗ്രസും എ.എ.പിയും തമ്മിലുള്ള വാക്പോര് കടുക്കുകയാണ്. ഇരു പാർട്ടികളും ഡല്‍ഹിയില്‍ സഖ്യമില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള സഖ്യം എ.എ.പി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മുതിർന്ന നേതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ സഖ്യമില്ലാതെ മത്സരിച്ചിരുന്നുവെങ്കില്‍ ഒന്നോ രണ്ടോ സീറ്റിലെങ്കിലും പാർട്ടിക്ക് വിജയിക്കാൻ സാധിക്കുമെന്നായിരുന്നുവെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ പ്രതികരണം.
എ.എ.പിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. കോണ്‍ഗ്രസിന്റെ ന്യായ് യാത്രയില്‍ ഇത് വ്യക്തമായതാണ്. അവർക്കൊപ്പം മത്സരിച്ച് ഭരണവിരുദ്ധ വികാരത്തിന്റെ പ്രശ്ങ്ങള്‍ തങ്ങള്‍ എന്തിന് അനുഭവിക്കണം. അതിനേക്കാള്‍ നല്ലത് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുന്നതാണെന്നും ദേവേന്ദർ യാദവ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവൻ സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു.













