തിരുവനന്തപുരം: പാറശാലയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പൊലീസ് സ്റ്റേഷനിലിട്ട് മര്‍ദിച്ചതായി പരാതി. ബസ് കാറിലിടിച്ച സംഭവത്തില്‍, കാറുടമയ്ക്ക് അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന പൊലീസിന്റെ ഭീഷണിക്ക് വഴങ്ങാത്തതാണ് മര്‍ദ്ദന കാരണമെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിളപ്പില്‍ശാല സ്വദേശി വിഷ്ണു ചികിത്സയിലാണ്.
വിഷ്ണു ഓടിച്ച ടൂറിസ്റ്റ് ബസും മറ്റൊരു ആഡംബരക്കാറുമായി ഉദിയന്‍കുളങ്ങരയില്‍ വച്ച് ഇടിച്ചിരുന്നു. കാറ് പെട്ടെന്ന് കുഴിയില്‍ വീണപ്പോള്‍ പിന്നാലെയെത്തിയ ബസ് ബ്രേക്ക് കിട്ടാതെ തട്ടിയെന്നാണ് ഡ്രൈവറായ വിഷ്ണു വിന്റെ മൊഴി. ആദ്യ ദിവസം കേസില്‍ ഇടപെട്ട പാറശാല പൊലീസ് പിന്നീട് കാര്‍ ഉടമയുടെ ആവശ്യപ്രകാരം വിഷ്ണുവിനെ ഒത്തുതീര്‍പ്പിന് വിളിപ്പിച്ചു. ആഡംബരക്കാറായതുകൊണ്ട് അഞ്ച് ലക്ഷം രൂപ വിഷ്ണു നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സി.ഐയുടെ ആവശ്യം. അത്രയും തുക തരാന്‍ സാധിക്കില്ലെന്ന് വിഷ്ണു അറിയിച്ചതോടെ ചീത്ത വിളിച്ച് മര്‍ദിച്ചെന്നാണ് പരാതി. ശ്വാസം മുട്ടലുള്ള വിഷ്ണുവിന് മര്‍ദനമേറ്റതോടെ രോഗം മൂര്‍ച്ഛിച്ചു. ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍, മര്‍ദിച്ചിട്ടില്ലെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സംഭവത്തില്‍ ഇടപെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. അതിനിടെ, ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ സംഘടന സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.













