ടുജി സ്പെക്‌ട്രം അഴിമതി; എ രാജയ്ക്കും കനിമൊഴിക്കും ഹൈക്കോടതി നോട്ടീസ്


ന്യൂഡല്‍ഹി: ടുജി സ്പെക്‌ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയും ഡിഎംകെ നേതാവ് കനിമൊഴിയും ഉള്‍പ്പെടെ എല്ലാപ്രതികള്‍ക്കും ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും സിബിഐയും സര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസ് മേയ് 25ന് കോടതി വീണ്ടും പരിഗണിക്കും.


ടുജി കേസില്‍ രാജയെയും കനിമൊഴിയെയും സിബിഐ കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സിബിഐയും എന്‍ഫോഴ്സ്മെന്റും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 21ന് കേസിലെ പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി പ്രതികളെ വെറുതെവിട്ടത്. ജഡ്ജി ഒ.പി. സൈനിയാണ് കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.


ടുജി സ്പെക്‌ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്. സിബിഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്സ്മെന്റ്് അന്വേഷിച്ച ഒരു കേസിലുമായിരുന്നു കോടതി നടപടി.



Sharing is Caring