മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ശ്രീലങ്കയില്‍ നിഹാദാസ് ട്രോഫിക്കായി കളിക്കാനിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് പുതിയ നായകനെന്ന് സൂചന. വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇക്കാര്യത്തിലുളള അന്തിമ തീരുമാനം വിരാട് കോഹ്ലിയുടേത് തന്നെയായിരിക്കും.
കോഹ്ലി വിശ്രമം ആവശ്യപ്പെടുകയാണെങ്കില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുമെന്നാണ് പേരുവെളിപ്പെടുത്താത്ത ബിസിസിഐ പ്രതിനിധി വെളിപ്പെടുത്തുന്നുത്. ഞായറാഴ്ച്ച നടക്കുന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

കോഹ്ലിയെ കൂടാതെ ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ജസ്പ്രത് ഭുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചേക്കും. ഇരുവര്‍ക്കും പകരം ശര്‍ദുല്‍ താക്കൂറും ഉനാദക്തുമായിരിക്കും പകരക്കാരായി ശ്രീലങ്കക്ക് പറക്കുക. ഇന്ത്യയേയും ശ്രീലങ്കയേയും കൂടാതെ ബംഗ്ലാദേശും ആണ് ത്രിരാഷ്ട്ര പരമ്പരയ്ക്കുളളത്. മാര്‍ച്ച് ആറിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഏപ്രിലില്‍ ഐപിഎല്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീലങ്കയിലെ ത്രിരാഷ്ട്ര ട്വന്റി-20 പരമ്പര നടക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കുന്നത്.
ശ്രീലങ്ക സ്വാതന്ത്ര്യം നേടിയതിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നിഹാദാസ് ട്രോഫി ത്രിരാഷ്ട്ര ടൂര്‍ണമെന്റ് നടത്തുന്നത്. പ്രേമദാസ സ്റ്റേഡിയത്തില്‍ ഡേ നൈറ്റ് മത്സരങ്ങളാണെല്ലാം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും രണ്ടുതവണ വീതം പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയന്റു നേടുന്നവര്‍ ഫൈനലില്‍ കളിക്കും.












