തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന് ദിലീപിനെ, അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്. അമ്മയില്‍ ജനാധിപത്യമല്ല, ഏകാധിപത്യമാണ് നടക്കുന്നതെന്നും സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജിവച്ച നടിമാര്‍ക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നെന്നും വൈശാഖന് പറഞ്ഞു.
പുരുഷാധിപത്യ ബോധത്തിന്റെ ഏറ്റവും വലിയ പ്രകടനമാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നടക്കുന്നത്. ഈ സംഘടനയില്‍ ജനാധിപത്യമില്ല, ഏകാധിപത്യം മാത്രമാണുള്ളത്. സംഘടനയുടെ നടപടികള്‍ക്കെതിരേ നിലപാട് സ്വീകരിച്ച് രാജി സമര്‍പ്പിച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന നായികമാരാണ്. ഒരു നടന് മാത്രമാണ് ഈ നടിമാര്‍ക്കു പിന്തുണയുമായി എത്തിയത്. ബാക്കിയുള്ളവര്‍ എന്തു ചെയ്യുകയായിരുന്നു. സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജിവച്ച നടിമാര്‍ക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നു- വൈശാഖന് പറഞ്ഞു. കഥാപത്രങ്ങളിലൂടെ നടന്മാര് സൃഷ്ടിച്ചെടുത്ത ആദര്‍ശങ്ങളെ തകര്‍ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സാഹിത്യകാരന് ടി പത്മനാഭനും രംഗത്തെത്തിയിരുന്നു. തിലകനെന്ന മഹാനടനെ പുറത്താക്കിയ ഈ സംഘടനയില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ടി പത്മനാഭന് ചോദിച്ചു.













