തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ധര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.
അണ്‍എയ്ഡഡ് സ്കൂള്‍ അധ്യാപികയായിരുന്ന യുവതിയെ ചൂഷണം ചെയ്തുവെന്ന് കാട്ടി തിരുവല്ല ആനിക്കാട് സ്വദേശിയായ ഭര്‍ത്താവാണ് സഭാനേതൃത്വത്തിനു മുന്പില് പരാതിയുമായി വന്നത്. ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇതിനിടെയാണ് വി എസ് അച്യുതാനന്ദന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തു നല്‍കിയത്.

സഭയിലെ നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളില്‍പ്പെട്ട അഞ്ച് വൈദികര്‍ക്കെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുള്ളത്. കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി തന്റെ ഭാര്യയെ ചൂഷണം ചെയ്തുവെന്നാണ് ഭര്‍ത്താവിന്റെ പരാതി. സംഭവം വിവാദമായതോടെ അഞ്ച് വൈദികരെയും ചുമതലകളില്‍നിന്ന് നീക്കി സഭ അന്വേഷണ കമീഷനുകളെ നിയോഗിച്ചിരുന്നു. എന്നാല്‍ യുവതി ഇതുവരെ കമീഷനു മുന്നില്‍ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല.നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സഭ വ്യക്തമാക്കി.












