ജേക്കബ് തോമസിനതിരെ ഹെെക്കോടതിയുടെ രൂക്ഷ വിമര്‍ശനം


കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയത്. ജേക്കബ് തോമസ് ‘പബ്ലിക് മാസ്റ്റര്‍ അല്ല’. പബ്ലിക് സെര്‍വന്റാണെന്ന് ഓര്‍മ്മ വേണം. തനിക്കു മുകളിലും സംവിധാനങ്ങള്‍ ഉണ്ടെന്നും ഓര്‍ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.


വിസില്‍ ബ്ലോവേഴ്സ് ആക്‌ട് പ്രകാരം തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് എതിരായ പരാമര്‍ശം വന്നത്. ജേക്കബ് തോമസിന് വിസില്‍ ബ്ലോവേഴ്സ് പ്രകാരമുള്ള സംരക്ഷണത്തിന് അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സമയം, വിജിലന്‍സ് എടുത്തിരിക്കുന്ന സുപ്രധാനമായ നിരവധി ക്രിമിനല്‍ കേസുകള്‍ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ തന്നെ വേട്ടയാടുന്നു. ജീവന് ഭീഷണിയുണ്ടെന്ന് ജേക്കബ് തോമസ് അറിയിച്ചു.


എന്നാല്‍ ഈ കേസുകളില്‍ ഒന്നും ജേക്കബ് തോമസിന് നേരിട്ട് ചുമതലയില്ല. മേല്‍നോട്ട ചുമതല മാത്രം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഭീഷണിയുണ്ടെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്.

ഹര്‍ജിയില്‍ കക്ഷിചേരുന്നതിന് കണ്ണൂര്‍ സ്വദേശിയും സത്യവാങ്മൂലവുമായി എത്തിയിട്ടുണ്ട്. കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ തോമസിന് തിങ്കളാഴ്ച വരെ സാവകാശം നല്‍കി.



Sharing is Caring