ജെസ്‌നയുടെ തിരോധാനം; തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍


കൊച്ചി: ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജെസ്‌നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.


കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിച്ചെങ്കിലും സഹായകമാകുന്ന തരത്തിലുള്ള ഒരു തെളിവും ലഭിച്ചില്ലെന്ന് തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ജെസ്‌നയെ കണ്ടുവെന്ന് സന്ദേശങ്ങള്‍ ലഭിച്ച സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തി. എന്നാല്‍,ഒരിടത്തു പോലും കണ്ടത് ജെസ്‌നയെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ജെസ്‌നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത് ശരിയാണെന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല.


കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തു. 120 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതായും രേഖാമൂലം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇരുപത്തിയൊന്ന് വയസ്സായ പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത്. സാധ്യമായ തരത്തിലുള്ള അന്വേഷണങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.

ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്കിയ ഹേബിയസ്‌കോര്‍പസ് ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ നല്കിയ ഹര്‍ജി ജൂലൈ 4ന് കോടതി പരിഗണിക്കും.



Sharing is Caring