തുര്‍ക്കി തെരഞ്ഞെടുപ്പ്: എര്‍ദോഗാന് വീണ്ടും വിജയം


ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് റസിപ‌് തയിബ‌് എര്‍ദോഗാന്‌ വിജയം. പ്രസിഡന്റ‌് തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ട‌് നേടിയാണ്‌ എര്‍ദോഗാന്‍ വീണ്ടും അധികാരത്തിലെത്തിയത്‌. എതിര്‍ സ്ഥാനാര്‍ത്ഥിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ‌് പാര്‍ടി നേതാവ‌് മുഹറോം ഇന്‍സിന‌് 30.7 ശതമാനം വോട്ട് ലഭിച്ചു.


പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന‌് പുറമെ നടന്ന പാര്‍ലമെന്റ‌് തെരഞ്ഞെടുപ്പിലും എര്‍ദോഗാന്റെ പാര്‍ടിയായ ജസ‌്റ്റിസ‌് ആന്‍ഡ‌് ഡെവലപ‌്മെന്റ‌് പാര്‍ടി (എകെ) മുന്‍തൂക്കം നേടി. എകെ പാര്‍ടി 42 ശതമാനവും സഖ്യകക്ഷിയായ എംഎച്ച്‌പി 11 ശതമാനവും വോട്ട‌് നേടി.


ചരിത്രത്തിലാദ്യമായാണ‌് തുര്‍ക്കി പാര്‍ലമെന്റിലേക്കും പ്രസിഡന്റ‌് സ്ഥാനത്തേക്കും ഒരുമിച്ച‌് തെരഞ്ഞെടുപ്പ‌് നടക്കുന്നത‌്. 2019 നവംബറിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും തെരഞ്ഞെടുപ്പ‌് എര്‍ദോഗാന്‍ നേരത്തെയാക്കുകയായിരുന്നു. 2016 മുതല്‍ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത്‌ ഞായറാഴ‌്ച നടന്ന തെരഞ്ഞെടുപ്പില്‍ 56 കോടി ജനങ്ങളാണ‌് സമ്മതിദാനാവകാശം വിനിയോഗിച്ചത‌്.

എര്‍ദോഗാന്‍ അനുകൂല മേഖലകളിലെ ഫലങ്ങള്‍ ആദ്യം പ്രഖ്യാപിച്ച്‌ തുര്‍ക്കി സ്‌റ്റേറ്റ് മീഡിയ കൃത്രിമം കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.2014ല്‍ പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്ബ് പതിനൊന്ന‌് വര്‍ഷം പ്രധാനമന്ത്രിയായിരുന്നയാളാണ് എര്‍ദോഗന്‍. ഇതോടെ പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയ്ക്ക് കീഴില്‍ എര്‍ദോഗാന്‍ വീണ്ടും പ്രസിഡന്റാവുമെന്നുറപ്പായി.



Sharing is Caring