ജിഷ്ണു പ്രണോയി കേസ് ; മൊഴി നല്‍കിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ചവര്‍ക്കെതിരെ സമരവുമായി എസ്‌എഫ്‌ഐ


തൃശ്ശൂര്‍: ജിഷ്ണു പ്രണോയി കേസില്‍ നെഹ്റു കോളേജ് മാനേജ്‌മെന്‍റിന് എതിരെ മൊഴി നല്‍കിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ച സംഭവത്തിനെതിരെ സമരവുമായി എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്വം. വിദ്യാര്‍ഥികളെ തോല്‍പ്പിച്ച അധ്യാപകരെ പുറത്താക്കണമെന്ന് നേത്രത്വം ആവശ്യപ്പെട്ടു . ഇതിന് ആരോഗ്യ സര്‍വകലാശാല തയ്യാറായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് എസ്‌എഫ്‌ഐയുടെ തീരുമാനം. വിദ്യാര്‍ത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.


ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്മെന്‍റിനെതിരെ മൊഴി നല്‍കിയ ഡി ഫാം വിദ്യാര്‍ത്ഥികളായ അതുല്‍, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെയാണ് പ്രാക്ടികല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി രണ്ട് വട്ടം പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിവരാവകാശ നിയമപ്രകാരം മാര്‍ക്ക് പരിശോധിച്ചുനോക്കിയപ്പോള്‍ മാര്‍ക്കുകള്‍ വെട്ടിതിരുത്തിയ നിലയിലാണ്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ ആരോഗ്യ സര്‍വ്വകലാശാല നിയോഗിച്ച കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. ഇവര്‍ക്ക് മറ്റൊരു കോളേജില്‍ വെച്ച്‌ വീണ്ടും പ്രായോഗിക നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.




Sharing is Caring