ജിഷ കൊല്ലക്കേസില്‍ കസ്‌റ്റഡിയിലെടുത്ത അയല്‍ക്കാരന്‍ ദൃക്‌സാക്ഷിയാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ചോദ്യംചെയ്യലില്‍ ഇയാള്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ല. ജിഷയും അമ്മയും അയല്‍ക്കാരനെതിരേ നിരവധി പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ കൊലപ്പെടുത്താന്‍ തക്ക വൈരാഗ്യം ഇയാള്‍ക്കുണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ സൂചന നല്‍കി. സംശയമുണ്ടെന്നു ജിഷയുടെ അമ്മ പറഞ്ഞതോടെയാണ് മുന്‍ പല്ലുകളില്‍ വിടവുള്ള ഈ അയല്‍ക്കാരനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. പക്ഷേ, അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടായിരുന്നു ഇയാള്‍. ജിഷയുടെ തലയ്‌ക്കേറ്റ മാരക മുറിവ് കുതറി ഓടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാകാമെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ സംശയിക്കുന്നു. ശരീരത്തില്‍ കണ്ട ചെറിയ മുറിവുകളും പോറലുകളും വെട്ട് പ്രതിരോധിച്ചപ്പോള്‍ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളും പതിനഞ്ചോളം പോറലുകളും ഉണ്ടെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍. കസ്‌റ്റഡിയിലുള്ളവരെ മനഃശാസ്‌ത്രജ്‌ഞന്റെ സഹായത്തോടെ ചോദ്യം ചെയ്‌തിട്ടും ശക്‌തമായ തെളിവുകളൊന്നും കിട്ടിയില്ല. ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കുപ്പിയില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഇന്നലെയും വിരലടയാളം ശേഖരിച്ചു. ജിഷയുടെ വീട്ടില്‍ നിന്നും ലഭിച്ച ചെരുപ്പിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.













