കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എ.ടി.കെ.യെ നേരിടാനിറങ്ങുമ്ബോള്‍ കേരള ബ്ലാസ്റ്റേഴ്സിന് ചില കണക്കുകള്‍ തീര്‍ക്കാനും ചില കണക്കുകൂട്ടലുകള്‍ ശരിയാക്കാനുമുണ്ട്. വ്യാഴാഴ്ച രാത്രി എട്ടിന് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഫുട്ബോളിലെ പരമ്ബരാഗ ശക്തികേന്ദ്രങ്ങളില്‍നിന്നുള്ള ടീമുകളുടെ അങ്കം.
സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ രണ്ടുതവണ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ടീമാണ് എ.ടി.കെ. അതുകൊണ്ടുതന്നെ കൊല്‍ക്കത്ത ടീമിനെതിരായ ഏതു ജയവും കേരള ടീമിന് കണക്കുതീര്‍ക്കലാണ്. കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു.

കണക്കുകൂട്ടിയാണ് ബ്ലാസ്റ്റേഴ്സ് ഓരോ കളിക്കും ഇറങ്ങുന്നത്. ബാക്കിയുള്ള നാലു കളികളും ജയിച്ചാല്‍ മാത്രം പോരാ എതിരാളികളുടെ മത്സരഫലവും അനുകൂലമായാല്‍ മാത്രമേ ടീമിന് സെമിഫൈനല്‍ സാധ്യതയുള്ളൂ. മോശം ഫോമിലുള്ള കൊല്‍ക്കത്തയ്ക്കെതിരേ മികച്ച ജയമാണ് ഡേവിഡ് ജെയിംസും കൂട്ടരും പ്രതീക്ഷിക്കുന്നത്. തുടരെ രണ്ടു കളി ജയിച്ചാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നതെങ്കില്‍ താത്കാലിക പരിശീലകന്‍ ആഷ്ലി വെസ്റ്റ് വുഡിന് കീഴില്‍ മൂന്നു കളിയിലും തോറ്റാണ് എ.ടി.കെ. കളിക്കാനിറങ്ങുന്നത്.
സസ്പെന്‍ഷന്‍മൂലം നായകന്‍ സന്ദേശ് ജിംഗാന്‍ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല. പരിക്ക് ഇയാന്‍ ഹ്യൂമിനും തിരിച്ചടിയാകും. മുന്നേറ്റത്തില്‍ ഗുയോണ്‍ ബാഡ്വിന്‍സന്‍, ബെര്‍ബറ്റോവ്, മധ്യനിരയില്‍ കറേജ് പെക്കുസന്‍, സി.കെ. വിനീത്, ജാക്കിചന്ദ് സിങ്, പുള്‍ഗ, മിലന്‍സിങ് പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍, പെസിച്ച് എന്നിവരാണ് ടീമിന്റെ കരുത്ത്. കൊല്‍ക്കത്ത നിരയില്‍ പരിക്കുമൂലം റോബി കീന്‍, സെക്യൂന, ഡേവിഡ് കോട്ടേറില്‍ എന്നിവരുണ്ടാകില്ല.













