ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപായി സോറൻ ബിജെപിയിലേക്ക്


ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപായി സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തി.പിന്നാലെ ചംപായി സോറൻ വെള്ളിയാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിരീകരിച്ചു.


വിവരം ഹിമന്ത ബിശ്വ ശർമ്മ എക്സിലൂടെ അറിയിക്കുകയും ചെയ്തു. ചംപായി സോറൻ അമിത്ഷായുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രവും ഒപ്പം പങ്കുവെച്ചു.


“ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും നമ്മുടെ രാജ്യത്തെ വിശിഷ്ട ആദിവാസി നേതാവുമായ @ChampaiSorenJi, ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി @AmitShahJi യെ അല്‍പ്പസമയം മുമ്ബ് കണ്ടു. ഓഗസ്റ്റ് 30-ന് റാഞ്ചിയില്‍ വെച്ച്‌ അദ്ദേഹം @BJP4India-ല്‍ ഔദ്യോഗികമായി ചേരും. എന്നാണ് അസം മുഖ്യമന്ത്രി എക്സില്‍ കുറിച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത് ചംപായി സോറനെ ചൊടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ തനിക്ക് പാർട്ടിയില്‍ നിന്നും നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച്‌ ചംപായി സോറൻ തന്റെ എക്സ് വഴി തുറന്നു പറയുകയും ചെയ്തിരുന്നു.’പാർട്ടിയുടെ ഈ സമീപനത്തില്‍ താൻ തകർന്നു പോയി. രണ്ടു ദിവസമായി ഈ നടന്ന പ്രശ്നങ്ങളിലെല്ലാം തന്റെ പങ്ക് എന്ത് എന്ന ആത്മ പരിശോധന നടത്തുകയായിരുന്നു. അധികാരത്തോടുള്ള അത്യാഗ്രഹം തനിക്ക് ഒരല്പം പോലും ഇല്ലായിരുന്നു.

എന്നാല്‍ എന്റെ ആത്മാഭിമാനത്തില്‍ ഏറ്റ ഈ പ്രഹരം ഞാൻ ആരോട് കാണിക്കും? എന്റെ തന്നെ ആള്‍ക്കാരില്‍ നിന്നും എനിക്കേറ്റ ഈ വേദന എനിക്ക് എവിടെ പറയാൻ സാധിക്കും? അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് താൻ മറ്റൊരു പാത തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെട്ടത്. ഇന്നുമുതല്‍ എന്റെ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണെന്ന് പാർലമെന്ററി യോഗത്തില്‍ അറിയിച്ചു.

ഇനി എന്റെ മുന്നില്‍ മൂന്ന് വഴികള്‍ ആണുള്ളത്. ഒന്ന്, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, രണ്ട്, മറ്റൊരു സംഘടന ഉണ്ടാക്കുക, മൂന്ന്, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവർക്കൊപ്പം യാത്ര തുടരുക’ എന്ന് ചംപായി സോറാൻ എക്സില്‍ കുറിച്ചു.



Sharing is Caring