ജമ്മുവില്‍ ഹെലികോപ്ടര്‍ തകരാന്‍ കാരണം സ്വന്തം മിസൈലാണെന്ന് സമ്മതിച്ച്‌ വ്യോമസേന


ന്യൂഡല്‍ഹി : ശ്രീനഗറിലെ ബദ്ഗാമില്‍ ഫെബ്രുവരി 27ന് വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത് ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണെന്ന് വ്യോമസേന. പാകിസ്ഥാന്‍ വിമാനമാണെന്ന് വിചാരിച്ചാണ് ആക്രമണം നടത്തിയതെന്നും, പിഴവ് തുറന്നുപറഞ്ഞ് വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ദദൗരിയ വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായി. പിഴവ് വരുത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഔദ്യോഗിക നടപടിയും അച്ചടക്ക നടപടിയും കൈക്കൊണ്ടതായും വ്യോമസേനാ മേധാവി പറഞ്ഞു.


പാകിസ്ഥാനിലെ ബലാകോട്ടിലെ ജെയ്‌ഷെ ഭീകര താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിനു പിന്നാലെയുണ്ടായ ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ് സൈനികര്‍ക്കും ഒരു നാട്ടുകാരനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വലിയ പിഴവാണ് നമുക്കുണ്ടായത്. ഇത്തരം പിഴവുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും ദദൗരിയ പറഞ്ഞു. പാകിസ്ഥാന്റെ ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നല്‍കും. സൗദിയിലേതുപോലുള്ള ഡ്രോണ്‍ ആക്രമണത്തെ സേന പ്രതിരോധിക്കുമെന്നും വ്യോമസേന മേധാവി പറഞ്ഞു.




Sharing is Caring