ന്യൂഡല്‍ഹി:അതിത്തിയിലെ ചൈനീസ് കടന്നു കയറ്റം സംബന്ധിച്ച് രാജ്യം ഇരുട്ടിലാണെന്ന് സര്‍വകക്ഷിയോഗത്തില്‍ സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
ചൈനീസ് സേന കടന്നുകയറിയത് എന്നാണ്. ഇക്കാര്യം സര്‍ക്കാര്‍ അറിഞ്ഞതെപ്പോള്‍. ആദ്യം തര്‍ക്കമുണ്ടായ മെയ് മാസത്തിനു മുന്‍പേ ചൈനീസ് സാന്നിധ്യം അറിഞ്ഞിരുന്നോ. അതിര്‍ത്തിയിലെ ഉപഗ്രഹ ചിത്രങ്ങള്‍ കൈവശമുണ്ടോ. അസാധാരണ നീക്കങ്ങളെപ്പറ്റി മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നോ. ഇന്റലിജന്‍സ് പരാജയമുണ്ടായോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണം. ഏപ്രില്‍ മുതലുള്ള സംഭവവികാസങ്ങള്‍ വെളിപ്പെടുത്തണം ചൈനീസ് സേന പിന്‍വലിയുമെന്നും തല്‍സ്ഥിതി നിലനിറുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് ഗുലാബ് നദി ആസാദും പങ്കെടുത്തു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ,വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും 20 കക്ഷികളുടെ നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് പങ്കെടുത്തത്. വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ യോഗം മൂന്നര മണിക്കൂറോളം നീണ്ടു.
ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം ആയുധമില്ലാതെ പോയിട്ടുണ്ടോ എന്നത് ചര്‍ച്ച ചെയ്യണെന്നും വൈകാരിക വിഷയമായതിനാല്‍ ആദരവ് പുലര്‍ത്തണമെന്നും എന്‍. സി. പി നേതാവ് ശരദ് പവാര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യമില്ലാത്ത ചൈനയെപ്പോലയല്ല ഇന്ത്യയെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വിപണിയിലുള്ള നിലവാരമില്ലാത്ത ചൈനീസ് പ്ളാസ്റ്റിക് ഉല്‍പന്നങ്ങളെ പുറത്താക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പഞ്ചശീല തത്ത്വങ്ങളില്‍ മുറുകെ പിടിക്കണമെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും ഇന്ത്യയെ സംഖ്യകക്ഷിയാക്കാനുള്ള യു.എസിന്റെ തന്ത്രത്തില്‍ വീഴരുതെന്ന് സി.പി.ഐ നേതാവ് ഡി. രാജയും പറഞ്ഞു.













