ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്: സിന്ധു സെമിയില്‍


ഫുഷൗ (ചൈന): ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരം പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയില്‍. ടൂര്‍ണമെന്റിലെ ഏഴാം സീഡായ സിന്ധു ചൈനയുടെ ഹി ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തു. 39 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ 22-20, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. കഴിഞ്ഞ മാസം നടന്ന പാരീസ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ ബിങ്ജിയാവോയോടേറ്റ പരാജയത്തിന് പകരം വീട്ടലും കൂടിയായി ഇന്നലത്തെ വിജയം. സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്‍ സിന്ധുവിന്റെ എതിരാളി.


അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ചൈനയുടെ ചെന്‍ ലോങ്ങിനോടാണ് ജയറാം കീഴടങ്ങിയത്. 40 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 21-15, 21-14 എന്ന ക്രമത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി.




Sharing is Caring