ചെളിക്കൂന നീക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞുവന്നത് ജീവനുള്ളൊരു ആണ്‍ കുഞ്ഞ്


ഗൊരഖ്പൂര്‍: മനുഷ്യരുടെ ക്രൂരതയുടെ തെളിവാകുകയാണ് ഒരു ചോരക്കുഞ്ഞ്. ഉത്തര്‍പ്രദേശിലെ സൊനൗര ഗ്രാമത്തിലെ തൊഴിലാളികളാണ് മണ്‍കൂനയില്‍ രണ്ട് കുഞ്ഞിക്കാലുകള്‍ പൊങ്ങി നിന്നത് കണ്ടത്. എവിടെയോ നേര്‍ത്ത കരച്ചില്‍ കേട്ട ദിക്കിലേക്ക് അവര്‍ ഓടിയെത്തി. സംശയം തോന്നി ചെളിക്കൂന നീക്കി നോക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞുവന്നതു ജീവനുള്ളൊരു ആണ്‍ കുഞ്ഞ്.


യുപിയിലെ സിദ്ധാര്‍ത്ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണ് ജീവനോടെ കുഴിച്ചിട്ട ചോരക്കുഞ്ഞിന് പുനര്‍ജന്മം ലഭിച്ചത്. നിര്‍മ്മാണം നടക്കുന്ന വീടിനോട് ചേര്‍ന്ന് കാടുപിടിച്ച സ്ഥലത്തുളള മണ്‍കൂനയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ചുറ്റുമുള്ള മണ്ണ് ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത ഗ്രാമീണര്‍ സമീപത്തെ ആശുപത്രിയിലേക്കോടി.
വായിലും മൂക്കിലും മണ്ണുപോയതിനാല്‍ ശ്വാസകോശത്തിന് കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക. ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി. പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ദ്ധചികിത്സയ്ക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Sharing is Caring