കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ചെയര്മാന്മാരായ ആര്. ബാലകൃഷ്ണപിള്ളയും സ്കറിയാ തോമസും തമ്മില്‍ ലയിക്കാനുള്ള ധാരണ തുടക്കത്തിലേ പാളി. ഇന്നലെ കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൗസിലെത്തി പിള്ളയും സ്കറിയാ തോമസും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. എന്നാല്‍, ചെയര്മാന് സ്ഥാനം ആര്‍ക്കാണെന്നതിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാകാതെ വന്നതോടെ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് സ്കറിയ തോമസ് പിള്ളയെ അറിയിക്കുകയായിരുന്നു.
ഭിന്നിച്ച് നില്ക്കുന്ന കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ചു വന്നാല്‍ ഘടകകക്ഷിയാക്കുന്ന കാര്യം പരിഗണിക്കാമെന്ന് പിണറായി വിജയന് നേരത്തേ പറഞ്ഞിരുന്നു. ഇതനുസരിച്ചായിരുന്നു ലയനധാരണയിലെത്തിയത്. കൂടുതല്‍ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ തങ്ങളെയും ഘടകകക്ഷിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ കൂടിയാണ് നേതാക്കള്‍ ഇരുവരും മുഖ്യമന്ത്രിയെ കണ്ടത്.

സ്കറിയാ തോമസ് വിഭാഗം നിലവില്‍ ഘടകകക്ഷിയല്ലെങ്കിലും ഇടതുമുന്നണി യോഗത്തിലെ സ്ഥിരം ക്ഷണിതാവാണ്.













