സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇക്കഴിഞ്ഞ ഒന്‍പതിന് കേസ് പരിഗണിച്ചപ്പോള്‍ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 25 നാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കണമോ തള്ളണോ എന്ന കാര്യത്തില്‍, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടുകൂടി പരിഗണിച്ചതിനുശേഷമായിരിക്കും കോടതി തീരുമാനമെടുക്കുക.
കൃത്യമായ നിഗമനത്തിലെത്താതെയാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അതിനാല്‍ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കരുതെന്നും തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് മൗലവിയുടെ മകന് മുഹമ്മദ് ഷാഫി കോടതിയെ സമീപിച്ചിരുന്നു. അതിനിടെയാണ് കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്നതിനെ തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അഷ്റഫ് തന്നോട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നുമാണ് ഉമര്‍ ഫാറൂഖ് തങ്ങള്‍ കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്നാണ് കോടതി , പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടത്. 2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.













