ചെന്നൈ: എടിപി കലണ്ടറിലെ ഏക ഇന്ത്യന്‍ ടൂര്‍ണമെന്റ് ചെന്നൈ ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം. പുരുഷന്മാരുടെ ചാമ്പ്യന്‍ഷിപ്പില്‍ ലോക റാങ്കിങ്ങിലെ മുന്‍നിരക്കാരടക്കം പങ്കെടുക്കും. സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളിലായുള്ള ടൂര്‍ണമെന്റ് എട്ടിന് സമാപിക്കും.
ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള 2014ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചാണ് സിംഗിള്‍സില്‍ പങ്കെടുക്കുന്ന പ്രമുഖന്‍. കിരീട പ്രതീക്ഷയും സിലിച്ചിന്. നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലസ് വാവ്‌റിങ്ക കിരീടം നിലനിര്‍ത്താനെത്തുന്നില്ല. സ്‌പെയിനിന്റെ റോബര്‍ട്ട ബൗറ്റിസ്റ്റ് അഗറ്റ്, ഫ്രാന്‍സിന്റെ ബെന്നറ്റ് പെയര്‍, റഷ്യയുടെ മിഖായേല്‍ യൗഷ്‌നി, സ്‌പെയിനിന്റെ ഗ്വില്ലെര്‍മൊ ഗാര്‍ഷ്യ ലോപസ് തുടങ്ങിയ പ്രമുഖര്‍ കളത്തിലെത്തും.

ഇന്ത്യന്‍ പ്രതീക്ഷകളുമായി സാകേത് മൈനേനിയും രാംകുമാര്‍ രമാനാഥനും പങ്കെടുക്കും.
ഡബിള്‍സിലെ താര സാന്നിധ്യങ്ങള്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും രോഹന്‍ ബൊപ്പണ്ണയും തന്നെ. ബ്രസീലിന്റെ ആന്ദ്രെ സായ്‌ക്കൊപ്പമാണ് ലിയാന്‍ഡര്‍ ഇറങ്ങുന്നത്.













