ചികിത്സയിലിരിക്കേ ഗര്‍ഭിണിയായ യുവതി മരിച്ചു. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ചികത്സയിലുണ്ടായ പിഴവാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം ഗര്‍ഭിണിയായ പെരളശേരി സ്വദേശിനിയായ പ്രണയ (24) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗുരുതരാവസ്ഥയിലായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയും ചെയ്തത്.
കഴിഞ്ഞ 18ന് വൈകിട്ടാണ് പ്രണയയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്ക് പെയിനാണെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പെയിന്‍ കില്ലര്‍ ഇഞ്ചക്ഷന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിറ്റേ ദിവസം ഡോക്ടര്‍ പരിശോധനക്ക് എത്താത്തതിനെ തുടര്‍ന്ന് ഒ.പിയിലെത്തി കാണിക്കുകയും അപ്പോള്‍ തന്നെ സ്‌കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സ്ഥിതി ഗുരുതരമാണെന്നും ഉടന്‍ പരിയാരത്തേക്ക് കൊണ്ടു പോകണമെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയോടെ പരിയാരത്ത് എത്തിക്കുകയും അപ്പോള്‍ തന്നെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടി വളരെ നേരത്തേ തന്നെ മരിച്ചിരുന്നുവെന്ന് പരിയാരത്തെ ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനു ശേഷം പ്രണയയുടെ നിലയും ഗുരുതരാവസ്ഥയിലായി. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച പ്രണയ ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

മാണിക്കോത്ത് പ്രദീപന്‍ പ്രമീള ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് വിനീഷ്, സഹോദരന്‍ പ്രണവ്. മൃതദേഹം പരിയാരം മെഡി: മോര്‍ച്ചറിയില്‍.












