ചെന്നൈയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ച് കുഞ്ഞ് മരിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണപ്പെട്ടത്.
മധുരവയല്‍ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്ട്മെന്റില്‍ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തില്‍ ഗൗതമൻ (31), ഭാര്യ മഞ്ജു (28), ഒമ്ബത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവർക്കാണ് പരിക്കേറ്റത്. മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമാണ്.

രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കില്‍ നിന്ന് ഞായറാഴ്ച പുലർച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയായിരുന്നു. അയല്‍വാസികളാണ് ഇവരെ കില്‍പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.













