ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ന് ഹൈവോള്‍ട്ട് കളി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് എതിരാളികള്‍ ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്. ഗ്രൂപ്പ് എഫിലാണ് ആരാധകര്‍ കാത്തിരിക്കുന്ന കളി.
സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി രണ്ട് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിന്റെ ക്ഷീണത്തിലാണ് റയല്‍. അതേസമയം ജര്‍മ്മന്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയാണ് ബൊറൂസിയ ഇന്ന് ഇറങ്ങുക.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബൊറൂസിയ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് പോളിഷ് ക്ലബ് ലെഗിയ വാഴ്‌സോയെ തകര്‍ത്തപ്പോള്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിങ് ലിസ്ബനെ കീഴടക്കി. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോയും ഗരെത്ത് ബെയ്‌ലും ഫോമിലല്ല എന്നതാണ് കോച്ച് സിനദിന്‍ സിദാനെ അലട്ടുന്നത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ലെഗിയ സ്‌പോര്‍ട്ടിങിനെ നേരിടും. ആദ്യ മത്സരത്തില്‍ രണ്ടു ടീമുകളും പരാജയപ്പെട്ടതിനാല്‍ ഇരുവര്‍ക്കും ഇന്ന് നിര്‍ണായകം.
മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ സിഎസ്‌കെഎ ടോട്ടനത്തെയും മൊണാക്കോ ബയേര്‍ ലെവര്‍ക്യൂസനെയും നേരിടും. ഗ്രൂപ്പ് ജിയില്‍ എഫ്‌സി കോപ്പന്‍ഹേഗന്‍ ബല്‍ജിയത്തില്‍ നിന്നുള്ള ക്ലബ് ബ്രൂഗിനെയും ലെസസ്റ്റര്‍ സിറ്റി പോര്‍ട്ടോക്കെതിരെയും കളിക്കും. ഗ്രൂപ്പ് എച്ചില്‍ യുവന്റസ് ഡൈനാമോ സഗ്‌രബുമായും ലിയോണ്‍ സെവിയയുമായും ഏറ്റുമുട്ടും.













