ഗോവധമാരോപിച്ച് യുപിയിലെ ബുലന്ദ്ഷറില്‍ വ്യാപക അക്രമം; പൊലീസ് ഇന്‍സ്‌പെക്ടറക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു


ലഖ്‌നൗ: ഗോവധത്തെച്ചൊല്ലി നടന്ന ആക്രമണത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ സയ്‌ന സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്.


ഗോവധമാരോപിച്ച് ബുലന്ദ്ഷറില്‍ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റാണ് സുബോധ് കുമാര്‍ സിങ് മരിച്ചതെന്നാണു പ്രാഥമിക നിഗമനം. വെടിയേറ്റാണ് സുമിത് കൊല്ലപ്പെട്ടത്.


സയ്‌ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടര്‍ന്നാണ് അക്രമമാരംഭിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ചത്ത പശുക്കളെ കണ്ടെത്തിയത്. പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാര്‍ പൊലീസുകാര്‍ക്കുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. മൂന്നുമണിക്കൂറോളം അക്രമം നീണ്ടു. നാനൂറോളം പേരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.

ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണ് പശുക്കളെ കൊന്നതെന്നു ഗ്രാമവാസികളും ഹിന്ദുസംഘടനകളും ആരോപിച്ചു. തുടര്‍ന്ന് അവര്‍ ട്രാക്ടറില്‍ ജഡങ്ങളുമായി ചിംഗാര്‍വതി പൊലീസ് ചൗക്കിയിലെത്തി പ്രതിഷേധിച്ചു. പിന്നീട് ബുലന്ദ്‌ഷേര്‍ഗഢ് സംസ്ഥാനപാത ഉപരോധിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝായും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അവിനാശ് കുമാര്‍ മൗര്യയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമം തടയാനായില്ല. സംഘര്‍ഷത്തിനിടെ പൊലീസ് വെടിയുതിര്‍ത്തു.ആയിരത്തിലധികം സുരക്ഷാസൈനികരെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.ജി. ഇന്റലിജന്‍സും അന്വേഷിക്കും.



Sharing is Caring