ഗോകുലം എഫ്സിയുടെ കോഴിക്കോട്ടെ കളി 4ന്


ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ ഏകസാന്നിധ്യമായ ഗോകുലം കേരള എഫ്സിയുടെ കോഴിക്കോട്ടെ ആദ്യകളി ഡിസംബര്‍ നാലിന്. ഹോം ഗ്രൌണ്ടായ കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് ചെന്നൈ സിറ്റി എഫ്സിയാണ് എതിരാളി. 27ന് ഷില്ലോങ്ങില്‍ ലജോങ് എഫ്സിയുമായാണ് ടീമിന്റെ ആദ്യ മത്സരം.


മത്സരക്രമപ്രകാരം ഒമ്പതിന് ഇംഫാല്‍ നെരോക എഫ്സിയെയും ഡിസംബര്‍ 31ന് ഐസാള്‍ എഫ്സി മിസോറമിനെയും നേരിടും. ജനുവരി ആറിന് വൈകിട്ട് 5.30ന് മിനര്‍വ പഞ്ചാബ് എഫ്സിയെയും 12ന് ഇന്ത്യന്‍ ആരോസിനെയും നേരിടും. ജനുവരി 15ന് രാത്രി എട്ടിന് ചര്‍ച്ചില്‍ ബ്രദേഴ്സാണ് എതിരാളി. ജനുവരി 20ന് വൈകിട്ട് 5.30ന് കൊല്‍ക്കത്തയിലെ അതികായരായ മോഹന്‍ ബഗാനുമായാണ് മത്സരം. ജനുവരി 28ന് പകല്‍ രണ്ടിന് ഷില്ലോങ് ലജോങ്ങുമായും ഫെബ്രുവരി 17ന് പകല്‍ രണ്ടിന് കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാളുമായാണ് പോരാട്ടം.
ചില കളികള്‍ പകല്‍ 2.30ന് നടത്തണമെന്ന നിര്‍ദേശം മാറ്റണമെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്ത് മാത്യു നയിക്കുന്ന ടീമിന്റെ ലോഗോയും തീം മ്യൂസിക്കും പുറത്തിറക്കി. ഇര്‍ഷാദ് തൈവളപ്പില്‍ വൈസ് ക്യാപ്റ്റനാണ്. 25 അംഗ ടീമില്‍ ഏഴ് വിദേശതാരങ്ങളും 11 ഇതരസംസ്ഥാനക്കാരുമുണ്ട്. ബിനോ ജോര്‍ജാണ് പരിശീലകന്‍.




Sharing is Caring