ഗാസയില്‍ പ്രതീക്ഷയേകി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ട് വെച്ച 20 നിര്‍ദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചു. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ഹമാസും നിലപാടറിയിക്കും. പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ ജോലി പൂര്‍ത്തിയാക്കുമെന്നാണ് നെതന്യാഹു വെല്ലുവിളിച്ചു.
ഇരുവിഭാഗവും കരാര്‍ അംഗീകരിച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കും. ഇസ്രയേല്‍ പ്രത്യക്ഷമായി കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് ട്രംപിന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. സൈനിക നടപടികള്‍ അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.

‘ഹമാസിനും മറ്റ് ഭീകരസംഘടനകള്‍ക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യു എന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തും. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറും. പലസ്തീന് പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും’, എന്നില അടക്കമാണ് ട്രംപിന്റെ 20 നിര്‍ദേശങ്ങള്‍.
ഗാസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ പോകാന്‍ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്നിരുന്നാലും മുനമ്പില്‍ നില്ക്കാന് തന്നെ ഗാസക്കാരെ പ്രേരിപ്പിക്കും. അവിടെ നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരം നല്‍കുമെന്നും പദ്ധതിയില്‍ പറയുന്നു.













